Home News Exclusive എഐസിസി യോഗങ്ങളില്‍ പ്രധാന ചര്‍ച്ച ധനസമാഹരണം; സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചത് സാമ്പത്തിക അവസ്ഥ; കോണ്‍ഗ്രസ് ...

എഐസിസി യോഗങ്ങളില്‍ പ്രധാന ചര്‍ച്ച ധനസമാഹരണം; സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചത് സാമ്പത്തിക അവസ്ഥ; കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസ് ഏറെക്കാലമായി പുനര്‍ നിര്‍മാണത്തിലാണ്. പുതിയ പാര്‍ട്ടി ഓഫീസ് എന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.

ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള സംഘടനാ വിഷയങ്ങളാണ് കോണ്‍ഗ്രസ് യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും ധന സമാഹരണമായിരുന്നു പ്രധാന വിഷയം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചില ഉന്നത നേതാക്കള്‍ ചര്‍ച്ച നടത്തി. ഓരോ സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ സാമ്പത്തിക സ്ഥിതിയും ധനസമാഹരണത്തിനുള്ള സാധ്യതകളും ചുമതലപ്പെട്ടവര്‍ യോഗങ്ങളില്‍ വിശദീകരിച്ചു. ധന സമാഹരണത്തിന് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രത്തില്‍ 2014ല്‍ അധികാരം നഷ്ടപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുകയായിരുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവരികയും ബിജെപി വലിയ വളര്‍ച്ച നേടുകയും ചെയ്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി. നിലവില്‍ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഭരണ പങ്കാളിത്തവുമുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here