പ്രിയങ്കയുടെ മരണം; ഉണ്ണി.പി.ദേവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി.പി.ദേവ് അറസ്റ്റില്‍. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം ശാരീരിക–മാനസിക പീഡനമെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കു പങ്കുണ്ടെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിലാണ് അറസ്റ്റ്.

നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളുടെ ആരോപണവും പരാതിയും. സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രിയങ്കയെ കാണുന്നത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി.

2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം തൊടുപുഴയിൽ സ്വകാര്യ സ്കൂളിൽ നീന്തൽ അധ്യാപികയായിരുന്നു പ്രിയങ്ക. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി. തെളിവായി ഫോണിലെ വിഡിയോയും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here