ന്യൂഡല്‍ഹി: നടീ ആക്രമണക്കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടേയുള്ള പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറ് മാസം കൂടി സുപ്രീംകോടതി നീട്ടി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ഇനി സമയം നീട്ടിനല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.
ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. ഇത് പരിഗണിച്ച കോടതി ആറ് മാസത്തേക്ക് വിചാരണ നീട്ടി. ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കക്ഷികളെല്ലാവരും സഹകരിക്കണമെന്നും കോടതി പറഞ്ഞു.
ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചരാണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതിനാല്‍ വിചാരണ അല്‍പകാലത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നു. 2017 ഫെബ്രുവരിയിലായിരുന്നു നടി അക്രമിക്കപ്പെട്ടത്.