മുംബൈ: ഉദ്ദവ് താക്കറെയുടെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി എട്ട് മണിക്കൂറുകള്‍ക്ക് ശേഷം മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നു’ എന്നായിരുന്നു റാണെയുടെ പരാമര്‍ശം.
പരാമര്‍ശത്തിന്റെ പേരില്‍ ശിവസേനാ പ്രവര്‍ത്തകര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. റാണെയുടെ ജന്‍ആശീര്‍വാദ് യാത്ര ചിപ്ലുണിലെത്തിയപ്പോള്‍, ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രത്നഗിരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല.
ജന്‍ആശീര്‍വാദ് യാത്ര തിങ്കളാഴ്ച റായ്ഗഢിലെത്തിയപ്പോഴായിരുന്നു റാണെയുടെ പരാമര്‍ശം. ഇതിനുപിന്നാലെ ശിവസേന-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷമുണ്ടായി. റാണെയുടെ അറസ്റ്റോടെ ബിജെപി-ശിവസേന ഉരസല്‍ ശക്തമായിരിക്കുകയാണ്.