മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ എഐസിസി; മീണ സര്‍ക്കാര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: ഇരട്ട വോട്ടു പ്രശ്നത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ എഐസിസി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ എ.ഐ.സി.സി. സര്‍ക്കാരിന്‍റെ ഏജന്‍റായി പ്രവര്‍ത്തിക്കുന്നു എന്ന് വിമര്‍ശനം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ എഐസിസി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഒരാഴ്ചയ്ക്കകം പരിഹരിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിര നടപടിവേണമെന്നും ആവശ്യപ്പെട്ടു. ഇരട്ടവോട്ടിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നാലു ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ കടന്നു കൂടിയിട്ടുണ്ടന്നാണ് പ്രതിപക്ഷ നേതാവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇവ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും, അതുകൊണ്ട് ഇരട്ട വോട്ടുകള്‍ മരവിപ്പിക്കുകയും ഇവര്‍ വോട്ട് ചെയ്യുന്നത് തടയണമെന്നുമാണ് ആവശ്യം. ഇരട്ട വോട്ട് വിഷയം ചൂണ്ടിക്കാട്ടി അഞ്ചു തവണ തിരഞ്ഞെടുപ്പ് കമ്മീഷനു കത്തു നല്‍കിയെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന ആരോപണവും ചെന്നിത്തല ഉയര്‍ത്തിയിട്ടുണ്ട്.

ഇരട്ട വോട്ടിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖൻ വ്യക്തമാക്കി. ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമമെന്ന് കുമ്മനം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here