കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിവാദമായി മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ വക ജുഡീഷ്യല്‍ അന്വേഷണം. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം അവശേഷിക്കെയാണ് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമായിരിക്കുകയാണ്. റിട്ടയര്‍ഡ് ജഡ്ജി വി.കെ.മോഹന്‍കുമാറാണ് അന്വേഷണ കമ്മിഷന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെയാണ് ജുഡീഷ്യല്‍അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകൾ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരെയുള്ള അന്വേഷണം നിയമപരമായി നിലനില്‍ക്കുമോ, തിരഞ്ഞെടുപ്പ് കമ്മിഷന്‍അനുവദിക്കുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

സ്വര്‍ണ, ഡോളര്‍കടത്ത് അന്വേഷണം വഴിവിട്ട് പോകുന്നു, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുന്നു എന്നീ ആരോപണങ്ങളെ മുന്‍നിറുത്തിയാണ് മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സ്വര്‍ണ, ഡോളര്‍കടത്ത് കേസുകളുടെ അന്വേഷണം വഴിവിട്ട് പോകുകയാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ദൈനംദിനപ്രവര്‍ത്തനങ്ങൾ വികസന പദ്ധതികള്‍ എന്നിവയെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുകയാണ്. മുഖ്യമന്ത്രിയെയും ഒാഫീസിനെയും സ്വര്‍ണ ഡോളര്‍കടത്ത് കേസുകളിലേക്ക് വലിച്ചിഴക്കാനും ശ്രമമുണ്ട്. ആദായ നികുതിഉദ്യോഗസ്ഥര്‍ കിഫ്ബിയില്‍ നടത്തിയ റെയ്ഡും സർക്കാരിനെ പ്രകോപിപ്പിച്ചു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ആറ്മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജുഡീഷ്യല്‍കമ്മിഷനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. . കേന്ദ്രഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെ വലിയ രീതിയില്‍പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മറികടക്കാനാണ് അസാധാരണമായ രീതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ജുഡീഷ്യൽ അന്വേഷണത്തിന് കീഴില്‍കൊണ്ടുവരാനുള്ള നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here