കൊച്ചി: ബയോവെപ്പണ്‍ പ്രയോഗത്തില്‍ പ്രതിക്കൂട്ടിലായി രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ട അയിഷ സുൽത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അഭിഭാഷകനോടെപ്പമാണ് ചോദ്യം ചെയ്യലിന് അയിഷ ഹാജരായത്. ബയോവെപ്പൺ പരാമർശത്തിൽ ബി.ജെ.പി ലക്ഷദ്വീപ് അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് അയിഷ സുൽത്താനയ്ക്കെതിരെ കേസെടുത്തത്. ഇന്നലെ ലക്ഷദ്വീപിലെത്തിയ അയിഷ ഇന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ദേശവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ലക്ഷദ്വീപിലെ ജനതയ്‌ക്കൊപ്പം നീതിക്കായി നില്‍ക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുന്‍പ് ആയിഷ പറഞ്ഞിരുന്നു. വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും പോലീസുമായി സഹകരിക്കുമെന്നും ആയിഷ പറഞ്ഞിരുന്നു.