സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളുടെ എത്തിക്സ് വളരെ മോശമാണെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി.പി.രാജീവന്‍. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുള്ള സി.അനൂപിന്റെ പിരിച്ചുവിടലിനെക്കുറിച്ച് അനന്ത ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു രാജീവന്‍. ഏറ്റവും അരക്ഷിതരായി ജീവിക്കുന്നവര്‍ മാധ്യമ സ്ഥാപനങ്ങളിലുള്ളവരാണെന്ന് ഈ സംഭവം അടിവരയിടുകയാണ്.
മാധ്യമങ്ങളില്‍ നിന്ന് ആരെയും പിരിച്ചുവിടരുത്. വിശദീകരണം ചോദിക്കുകയും മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യാമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഒരു മാധ്യമ സ്ഥാപനമല്ലേ? നേരോടെ, നിര്‍ഭയം, നിരന്തരം എന്നൊക്കെയാണ് ഏഷ്യാനെറ്റ് മുദ്രാവാക്യം. എന്നിട്ടും ഒരു ജീവനക്കാരനെ പെട്ടെന്ന് അണ്‍ എത്തിക്കലായി പിരിച്ചുവിടുന്നു. ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. നല്ല മുതലാളിത്ത സ്ഥാപനങ്ങള്‍ അന്തസായി നടത്തിക്കൊണ്ട് പോകുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ ജീവനക്കാരെ മാനസികമായി ബുദ്ധിമുട്ടിക്കില്ല-ടി.പി.രാജീവന്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും അനൂപിനെ പുറത്താക്കിയതിനെതിരെ പ്രതികരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.രാജന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏഷ്യാനെറ്റ് നിന്നും അനൂപിനെ പുറത്താക്കിയത് വിശാലമായ മാധ്യമ താത്പര്യങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യുകയാണ് അനൂപിന്റെ പുറത്താക്കല്‍ വഴി ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്. ദീര്‍ഘകാല അനുഭവ സമ്പത്തുള്ള മാധ്യമ പ്രവര്‍ത്തകനോട് ഇത് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസിന് ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് അനൂപിന്റെ അദ്ധ്യാപകന്‍ കൂടിയായിരുന്ന രാജന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ കമ്മിറ്റ്മെന്റ് വായനക്കാരോടാണ്. പ്രമുഖ പത്രാധിപരായിരുന്ന ജയചന്ദ്രന്‍ നായരുടെ അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരണത്തിനു നല്‍കുകയാണ് അനൂപ് ചെയ്തത്. വായനക്കാരോടുള്ള കമ്മിറ്റ്മെന്റാണ് അനൂപ് നിര്‍വഹിച്ചത്. സ്റ്റാന്‍ഡിംഗ് ഓര്‍ഡറില്‍ എഴുതി ചേര്‍ത്ത ഏതെങ്കിലും പഴഞ്ചന്‍ നിയമത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സാധിച്ചെന്നു വരാം. ആധുനിക കാലത്ത് ഏതെങ്കിലും അഭിപ്രായമോ തൊഴില്‍പരമായ ആശയപ്രകാശനമോ ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ ജോലിയില്‍ നിന്നും പിരിച്ച് വിടുന്ന സമീപനം ജനാധിപത്യ വിരുദ്ധമായി തന്നെ കണക്കാക്കണം.
ഇത്തരം ആശയപ്രകാശനം ക്ലിയര്‍ ആന്റ് പ്രസന്റ് ഡേഞ്ചര്‍ എന്നാണ് അതിന്റെ ലീഗല്‍ വാക്ക്. അത് പ്രകടവും ഉടനടി പ്രതികൂല ഫലവും ഉണ്ടാക്കുന്നതല്ലെങ്കില്‍ നടപടി എടുക്കാതിരിക്കുന്നതാണ് ജനാധിപത്യമര്യാദ-പി.രാജന്‍ പറഞ്ഞു.
സി.അനൂപിനെ പുറത്താക്കിയ ഏഷ്യാനെറ്റ് ന്യൂസ് നടപടി അയുക്തികമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്ക്കര്‍ പ്രതികരിച്ചിരുന്നു. എസ്.ജയചന്ദ്രന്‍ നായരെപ്പോലെ ഒരു പത്രാധിപരെ അഭിമുഖം ചെയ്തത് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിക്കുകയാണ് അനൂപ് ചെയ്തത്. ഇതിന്റെ പേരില്‍ അനൂപിനെ പുറത്താക്കിയത് ഏഷ്യാനെറ്റ് പിന്തുടര്‍ന്ന് വന്ന മാധ്യമ മര്യാദയ്ക്കും സംസ്കാരത്തിനും ചേര്‍ന്നതുമല്ലെന്ന് ബിആര്‍പി പറഞ്ഞു.
ഏഷ്യാനെറ്റ് ഒരു ടെലിവിഷന്‍ മാധ്യമമാണ്. അതില്‍ ജോലി ചെയ്യുമ്പോള്‍ സമാന സ്വഭാവത്തിലുള്ള മറ്റൊരു മാധ്യമത്തില്‍ ഒരാള്‍ ജോലി ചെയ്യരുതെന്ന് നിയമമുണ്ടാക്കുന്നതില്‍ തെറ്റില്ല. പക്ഷെ മാതൃഭൂമി ആഴ്ചപ്പതിപ്പ് കേരളത്തിലെ പ്രമുഖമായ സാഹിത്യ സാംസ്കാരിക വാരികയാണ്. ആ വാരികയില്‍ എസ്.ജയചന്ദ്രന്‍ നായരെപ്പോലുള്ള ഒരാളുടെ അഭിമുഖം ചെയ്ത് പ്രസിദ്ധീകരിച്ചത് ഒരു തരത്തിലും ഏഷ്യാനെറ്റിന് ഹാനികരമാകുന്നതല്ല. രണ്ടും രണ്ട് മാധ്യമങ്ങളാണ്. ആ അര്‍ത്ഥത്തില്‍ അഭിമുഖത്തിന്റെ പേരില്‍ സ്വീകരിച്ച നടപടി ന്യായീകരിക്കാന്‍ ആകുന്നതല്ല.
ന്യായീകരിക്കാന്‍ കഴിയാത്തത് ഏഷ്യാനെറ്റ് തുടക്കം കാലം മുതല്‍ സ്വീകരിച്ച ഒരു മാധ്യമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ പറയുന്നത്. എന്നാല്‍ അങ്ങനെ സംഭവിച്ചത് മാധ്യമ സംസ്കാര ചരിത്രത്തിനു മുന്നില്‍ തന്നെ അപമാനകരമായ മുദ്രയായി അവശേഷിക്കുന്നു.അതിനു ഒരിക്കലും ഏഷ്യാനെറ്റ് തയ്യാറാകരുതായിരുന്നു-ബിആര്‍പി ഭാസ്ക്കര്‍ പറയുന്നു.
സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസ് ഏകപക്ഷീയമായി പുറത്താക്കിയതിനെതിരെ പ്രതികരിച്ച് പ്രമുഖ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാ കൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
ഒരു മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ മറ്റു മാധ്യമത്തില്‍ എഴുതരുത് എന്നുള്ളത് ഫാസിസ്റ്റ് നയമാണ്. ആ ഫാസിസം തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. ഇതൊന്നും തിരുത്താതെ രാജ്യത്ത് ഫാസിസമുണ്ടെന്നു പറയാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്നാണ് ആലങ്കോട് പ്രതികരിച്ചത്.
അനൂപിന്‍റെ പുറത്താക്കിലിനെതിരെ പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദനും സാംസ്കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്നാണ് സച്ചിദാനന്ദന്‍ പ്രതികരിച്ചത്. ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന വ്യവസ്ഥ നിയമന ലെറ്ററില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ വ്യവസ്ഥ പോലും എടുത്തുമാറ്റേണ്ടതാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
ഈ പ്രവണത പൊതുപ്രവണതകള്‍ എന്ന രീതിയില്‍ തന്നെ സാംസ്കാരിക പ്രവര്‍ത്തകരുടെ എതിര്‍പ്പിനു കാരണമാകേണ്ടതാണ്. സി.അനൂപിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മാധ്യമങ്ങളില്‍ അടിമകള്‍ പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നു എന്നത് കേരളത്തിലെ മാധ്യമ രംഗത്തിനു തന്നെ അപമാനകരമാണ്. എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയെ പോഷിപ്പിക്കാനുള്ള മാധ്യമങ്ങള്‍ എഴുത്തുകാരുടെ സര്‍ഗ്ഗാത്മകതയുടെ ശ്മശാനഭൂമിയായി മാറുന്നത് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയാണ്-സച്ചിദാനന്ദന്‍ പറയുന്നു.
തീര്‍ത്തും ജനാധിപത്യവിരുദ്ധമാണിത്. മാധ്യമ ധര്‍മ്മങ്ങള്‍ക്ക് ചേരുന്നതുമല്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു പ്രതിഷേധം ഏഷ്യാനെറ്റ് ന്യൂസിന് മുന്‍പില്‍ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് പുകസ എന്നാണ് വി.എന്‍.മുരളി പറഞ്ഞത്.
ജോണി എം.എല്‍, ഡോ.ജെ.പ്രഭാഷ്, വിനു എബ്രഹാം, സി.ഗണേഷ് എന്നിവര്‍ ഈ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് കെ.സച്ചിദാനന്ദനും ആലങ്കോടും, ബി.ആര്‍.പി.ഭാസ്കറും പി.രാജനും അനൂപിന്റെ പുറത്താക്കലിനെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ തെറ്റായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക രംഗത്തുനിന്നും ഉയരുന്നത്.