പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തി; റഫ്നാസിനെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട്: പ്രണയം നിരസിച്ചതിന് നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി റഫ്നാസിനെതിരെ (22) വധശ്രമത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി നാദാപുരം പേരോട് തട്ടിൽ നഈമ (19) കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ചയായിരുന്നു സംഭവം. കോളേജിൽനിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കൊടുവാൾകൊണ്ട് വെട്ടിവീഴ്ത്തിയശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കല്ലാച്ചി ഹൈടെക്‌ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാംവർഷ ബി.കോം. വിദ്യാർഥിനിയാണ് നഈമ. തലയ്ക്കും നെഞ്ചിലും വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

നഈമയെ റഫ്നാസ് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഒരാൾ തന്നെ ശല്യംചെയ്യുന്നതായി നഈമ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇയാളുടെ ബൈക്കിൽനിന്ന് ഒരുകുപ്പി പെട്രോളും വെട്ടാനുപയോഗിച്ച കൊടുവാളും പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലാച്ചിയിലെ ഒരു കടയിൽ ജീവനക്കാരനാണ് റഫ്‌നാസ്.

വ്യാഴാഴ്ച രണ്ടുമണിയോടെ പേരോട്-പാറക്കടവ് റോഡരികിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഒരുമണിക്കാണ് നഈമ കോളേജിൽ നിന്നിറങ്ങിയത്. പെൺകുട്ടിയുടെ വീടിനടുത്ത് പേരോട് മരമില്ല് പരിസരത്തെ വഴിയരികിൽ കാത്തുനിൽക്കുകയായിരുന്ന റഫ്‌നാസ് കൊടുവാളുമായി ചാടിവീണു. തലയ്ക്കും നെറ്റിയിലും പുറത്തുമാണ് വെട്ടേറ്റത്. പെൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിറകിൽനിന്ന് വെട്ടിവീഴ്ത്തി. ഇതുവഴി കാറിൽ വന്ന പാറക്കടവ് സ്വദേശി ചാമാളി ഹാരിസും സംഘവും റഫ്‌നാസിനെ തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കുനേരെയും കൊടുവാൾ വീശി. ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല. ഇതിനിടയിലാണ് യുവാവ് കൊടുവാൾകൊണ്ട് തന്റെ ഇടതുകൈക്ക് വെട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here