തിരുവനന്തപുരം: രണ്ടു ടേം നിബന്ധന കര്‍ക്കശമാക്കാന്‍ സിപിഎം തീരുമാനം. ബംഗാള്‍ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം സിപിഎം നടപ്പിലാക്കുക. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയിൽ ധാരണയായിരിക്കുന്നത്. . രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ തോമസ് ഐസക്ക്, ജി സുധാകരൻ, പി ശ്രീരാമകൃഷ്ണൻ ഉൾപ്പടെയുള്ള നിരവധി പ്രമുഖർക്കാണ് സീറ്റ് നഷ്ടമായത്. ഇതു പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ വലിയ എതിർപ്പിന് വഴിവെച്ചിട്ടുണ്ട്. പാർട്ടി കേന്ദ്രനേതാക്കളെ വരെ അണികൾ ഫോണിൽ വിളിച്ച് അതൃപ്തിയറിക്കുന്നുണ്ട്.
തുടർച്ചയായി ജയിച്ചവർ തുടർന്നതാണ് പാർട്ടിക്ക് ബംഗാളിൽ അടിത്തറയിളക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ. ബംഗാളിൽ ഒരു നിര നേതാക്കൾ പ്രായമായപ്പോഴേക്കും നയിക്കാൻ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാർട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് എനിക്കും അടുത്ത തവണ ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
പാർട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് ബംഗാളിനെ ഉദ്ധരിച്ചാകും പാർട്ടി വിശദീകരിക്കുക. വ്യക്തി വേണോ പാർട്ടി വേണോ എന്ന ഒറ്റ ചോദ്യത്തിൽ ആന്തരികമായി പുകയുന്ന അണികളെ ശാന്തരാക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ ഈ ടേം ബാധമാകാത്ത പി ജയരാജന് സീറ്റ് നിഷേധിച്ചത് കണ്ണൂരിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക സിപിഎമ്മിന് ബുദ്ധിമുട്ടാണ്. ഈ വിഷയം നാളെ സിപിഎം സെക്രട്ടറിയേറ്റിന്റെ പരിഗണയ്ക്ക് വന്നേക്കും