വാഷിങ്ടൻ: ചൈനീസ് റോക്കറ്റ് എവിടെ പതിക്കുമെന്ന കാര്യത്തില്‍ ലോകത്ത് ആശങ്ക തുടരുന്നു. ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി മണിക്കൂറിൽ 28,000 കിലോമീറ്ററില്‍ ഭ്രമണം തുടരവെ ഇന്നോ നാളെയോ ഭൂമിയിൽ പതിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. . ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണു പ്രതീക്ഷ. .
റോക്കറ്റ് യാത്രയ്ക്കിടയിൽ റോക്കറ്റ് എരിഞ്ഞു തീരുമെന്നും അപകട സാധ്യതയില്ലെന്നുമാണ് ചൈനീസ് നിലപാട്. റോക്കറ്റ് യുഎസ് സൈന്യം വെടിവച്ചു നശിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
ഏപ്രിൽ 29നു ചൈനയുടെ പുതിയ സ്പേസ് സ്റ്റേഷൻ പദ്ധതിയുടെ ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിക്കാനായാണ് 849 ടൺ ഭാരമുള്ള ലോങ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടൺ ഭാരമുള്ള കോർ സ്റ്റേജാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്.