ബംഗളൂര്: കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി വെച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. വികാരധീനനായി വിതുമ്പിയാണ് രാജി പ്രഖ്യാപനം നടത്തിയത്. ലിംഗായത് സന്യാസിമാരെക്കൊണ്ട് സമര പ്രഖ്യാപനം നടത്തിയെങ്കിലും കേന്ദ്ര നേതൃത്വം കൈവിട്ടതോടെ രാജി വയ്ക്കുകയായിരുന്നു. മുന്‍പുള്ള പോലെ തന്നെ ഇക്കുറിയും കാലാവധി തികയ്ക്കാതെയാണ് രാജി.
യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും കര്‍ണാടക നിയമസഭയില്‍ വികാരാധീനനായി യെഡിയൂരപ്പ പറഞ്ഞു.
യെഡിയൂരപ്പയുടെ രാജി വന്നതോടെ കണ്ണുകള്‍ കര്‍ണ്ണാടകയിലേക്ക് നീളുകയാണ്. ആരായിരിക്കും പുതിയ മുഖ്യമന്ത്രി എന്നുള്ള ആകാംക്ഷ കനക്കുകയാണ്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കമുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി പദവിയിലേക്ക് കേള്‍ക്കുന്നുണ്ട്.