പൗരത്വഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

0
153

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.

മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും. ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനം ആണ് നിയമം എന്നും ഹർജിക്കാർ ആരോപിക്കുന്നു. മുസ്ലിം ലീഗിന്റേതിന് പുറമെ, രമേശ് ചെന്നിത്തല, ജയറാം രമേശ്, മെഹുവ മൊയ്ത്ര, ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക്ക് യുവ ജനതാദൾ നൽകിയത് ഉൾപ്പടെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്ര സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്ന് നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്‌.രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാൻ ദേശിയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട് . അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാൻ ആകില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം പൗരത്വഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here