തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ധനമന്ത്രി തോമസ് ഐസക്കും പരിശോധനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന പരിശോധിക്കിടെ ആദായനികുതി കമ്മീഷണര്‍ മഞ്ചിത് സിങ്ങും കിഫ്ബി സിഇഒ കെഎം എബ്രഹാമും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.
ലൈഫ് മിഷന്‍ പദ്ധതിക്ക് പിന്നാലെ കിഫ്ബിയും ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ ശക്തമായ എതിര്‍ക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. കിഫ്ബി വായ്പ വഴിയുള്ള പദ്ധതികളുടെ കരാറുകാരുടെ നികുതിപ്പണത്തെ ചൊല്ലിയാണ് കിഫ്ബിയും ആദായനികുതിവകുപ്പം തമ്മിലുള്ള തര്‍ക്കം. ഓരോ വകുപ്പിന് കീഴിലും രൂപീകരിച്ച കമ്പനികള്‍ക്കാണ് കിഫ്ബി പണം കൊടുക്കുന്നത്. ഈ കമ്പനിയാണ് കരാറുകാരെ കണ്ടെത്തുന്നത്. കരാര്‍ തുകക്ക് നല്‍കേണ്ട നികുതി കിഫ്ബി ഈ കമ്പനികളുടെ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്. ഇങ്ങനെ 73 കോടി കൈമാറിയെന്ന് കിഫ്ബി പറയുന്നു.
നികുതി അടയ്‌ക്കേണ്ട ഉത്തരവാദിത്തം പൂര്‍ണമായും കമ്പനികള്‍ക്കെന്നാണ് കിഫ്ബി പറയുന്നത്. എന്നാല്‍ നികുതിപ്പണം കിട്ടിയില്ലെന്നും കിഫ്ബി നേരിട്ടാണ് പണമടക്കേണ്ടെതുമെന്നാണ് ആദായ നികുതിവകുപ്പിന്റെ വാദം. ആദായനികുതി നിയമപ്രകാരം നിലനില്‍ക്കാത്ത കാര്യത്തെ മറയാക്കി കിഫ്ബിയെ തകര്‍ക്കാനാണ് അര്‍ദ്ധരാത്രിയിലെ പരിശോധനയെന്നാണ് സര്‍ക്കാരിന്റെ ആരോപണം.