തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരാണ് മുഖ്യമന്ത്രി കോവിഡ് മുക്തനായ കാര്യം അറിയിച്ചത്. ഇന്നു വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രി വിടും. ഈ മാസം എട്ടാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് കടുപ്പിക്കില്ല. ആദ്യ രണ്ടു ദിവസം ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. അവധി ആയതിനാൽ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ തിരക്ക് കുറവാണ്. അതേ സമയം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ആൾക്കൂട്ടം ഒഴിവാക്കുക ,മാസ്ക്ക് സാനിറ്റെസർ ഉപയോഗം കർശനമാക്കുക ,ക്വാറൻ്റിൻ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുക എന്നിവക്ക് മുൻഗണന നൽകാനാണ് സെക്ടറൽ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ജില്ലാ കലക്ടർമാർക്ക് ആവശ്യമുള്ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കാമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.