തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി.ജലീലിനെ രക്ഷിക്കാനുള്ള അവസാന വട്ട ശ്രമവുമായി സര്‍ക്കാര്‍. ഈ കേസില്‍ സര്‍ക്കരിനു ലഭിച്ച എജി റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ ആയുധമാക്കുക. ഈ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ജലീലിനു എതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്ത ഉത്തരവ് ചട്ടപ്രകാരമല്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം.
ഉത്തരവിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു ലോകായുക്ത ഉത്തരവെന്നാണ് ജലീലിന്‍റെ വാദം. കോടതിയില്‍ സര്‍ക്കാരും ജലീലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന് ലോകായുക്ത ഉത്തരവിനെതിരെ ഹര്‍ജി നല്‍കാമെന്ന നിയമോപദേശം ലഭിച്ചത്
കെ.ടി.ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ചട്ടങ്ങള്‍ പാലിച്ചല്ല എന്നാണ് എജിയുടെ വിലയിരുത്തല്‍. ലോകായുക്ത ആക്ടിലെ ചട്ടം ഒമ്പത് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജലീലിനെതിരായ ഉത്തരവെന്ന് നിയമോപദേശത്തില്‍ പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍ കക്ഷിയ്ക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ജലീലിന്‍റെ കാര്യത്തില്‍ ഇത് പാലിക്കപ്പെട്ടില്ല. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിനൊപ്പമാണെന്നും എജിയുടെ നിയമോപദേശത്തില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാം. ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവായതിനാല്‍, ലോകായുക്തയ്ക്കെതിരെ സര്‍ക്കാരിന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനും തടസമില്ല ഈ സാഹചര്യത്തില്‍ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.