എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളുമായി മുഖാമുഖം മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്നു

തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം

കൊല്ലം: മുന്‍കാലങ്ങളില്‍ കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും മാത്രമാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നതെന്നും പിന്നീട് ഒരു ഘട്ടത്തില്‍ വ്യാവസായിക തൊഴിലാളികളും വന്നു. ഇപ്പോഴാകട്ടെ, സാങ്കേതികവിദ്യകളെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന അഭ്യസ്തവിദ്യരും നൂതനശേഷികള്‍ ഉള്ളവരുമായ തൊഴിലാളികള്‍ ഇന്ന് നമുക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് തൊഴില്‍ മേഖലയിലുള്ളവരുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗം തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിച്ചുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുഖാമുഖം പരിപാടി. ലോകത്താകെയുള്ള നൂതന ആശയങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും അവയെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനും ശ്രമിക്കുന്നത് ഈ നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌ക്കരിച്ചും ഇവിടെ വ്യത്യസ്ത മേഖലകളിലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കിയും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം.
എന്നാലിതേസമയം തന്നെ കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്നവരെ ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ്. തൊഴിലാളികള്‍ക്കുവേണ്ടി ശേഷിവികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും പരമ്പരാഗത വ്യവസായങ്ങളെ ഉള്‍പ്പെടെ കാലാനുസൃതമായി പരിഷ്‌ക്കരിക്കാനുള്ള ഇടപെടലുകള്‍ നടത്തിയുമാണ് ഇത് സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ആ മേഖലകളിലാകെയുള്ള തൊഴിലാളികളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. തൊഴിലാളികളുടെ നവകേരള കാഴ്ചപ്പാടുകള്‍ എന്താണ് എന്നും നവകേരള നിര്‍മ്മിതിയില്‍ അവര്‍ എങ്ങനെയാണ് പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നത് എന്നും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
എന്നാല്‍, പുതിയ തൊഴിലുകള്‍ പഴയ തൊഴിലുകളെ അപഹരിക്കും എന്ന പ്രചരണവും നിലവിലുള്ള തൊഴിലാളികളുടെ ഐക്യത്തെ തന്നെ ശിഥിലീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളു ഉണ്ടാകുന്നുണ്ട്. തൊഴിലാളികളുടെ ഐക്യം ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ നാടിനു മുന്നേറാനാവൂ. തൊഴിലാളി ഐക്യത്തെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ പുതിയ തൊഴിലുകളും പുതിയ സാങ്കേതികവിദ്യകളും ഒന്നും പഴയ തൊഴിലുകളെ അപഹരിക്കുകയോ പഴയ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തെ ഇല്ലാതാക്കുകയോ ചെയ്യില്ല എന്നുറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍.
തൊഴിലാളികള്‍ എവിടെയും സമാനതകളില്ലാത്ത ഒരു കൂട്ടമാണ്. തൊഴില്‍ ഉണ്ടെങ്കില്‍ മാത്രം ജീവിക്കുകയും തൊഴില്‍ ഇല്ലെങ്കില്‍ ജീവിതമില്ലാതാവുകയും ചെയ്യുന്ന വര്‍ഗം. അതുകൊണ്ടുതന്നെ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായ തൊഴിലാളികളുടെ ഐക്യമാണ് ഉണ്ടാവേണ്ടത്. ഏതു സമൂഹത്തിന്റെയും പുരോഗതിയുടെ മുഖ്യചാലകശക്തിയാകേണ്ടത് അതാണ്. ഈ ചിന്തയോടെയാണ് എല്ലാ തൊഴിലാളി വിഭാഗങ്ങളുടെയും പ്രതിനിധികളുമായുള്ള സംവാദം നിശ്ചയിച്ചത്.
ആധുനിക ജനാധിപത്യ റിപബ്ലിക് ആയ ഇന്ത്യ എന്ന മഹത്തായ ആശയവും ആ ആശയത്തിന്റെ ആവിഷ്‌കാരമായ ഭരണഘടനയും ഇന്ന് പലവിധ വെല്ലുവിളികളെ നേരിടുകയാണ്. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഇന്നത്തെ ഘട്ടത്തില്‍ തൊഴിലാളികളുടെ സംഘടിതമായ ഇടപെടല്‍ തന്നെയാണ് രാജ്യത്തിനു വഴികാട്ടിയാകേണ്ടത്.
കഴിഞ്ഞ ദശകങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നമുക്ക് അഭിമാനകരമാണ്. ഭൂമിയുടെ ഉള്‍പ്പെടെ വിഭവങ്ങളുടെയാകെ വിതരണം കഴിയുന്നത്ര സാധ്യമാക്കാന്‍ നമുക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹിക ജീവിതനിലവാരം ആഗോള വികസിത നാടുകള്‍ക്ക് ഒപ്പമെത്തിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ നിലയില്‍ നിന്നും മുന്‍പോട്ട് പോകാനാകട്ടെ, പല പരിമിതികള്‍ ഉണ്ടുതാനും. വിഭവത്തിന്റെ കാര്യത്തിലും അധികാരത്തിന്റെ കാര്യത്തിലും പരിമിതികള്‍ ഉണ്ട്. ഇതിനെ ക്രിയാത്മകമായി മുറിച്ചുകടക്കണമെങ്കില്‍ രാജ്യത്തിന്റെ ഫെഡറല്‍ സാമ്പത്തികബന്ധങ്ങളെ കാലോചിതമായി സംസ്ഥാനങ്ങള്‍ക്ക് സഹായകമാംവിധം അഴിച്ചുപണിയേണ്ടതുണ്ട്. അതിനായി ദേശീയ തലത്തില്‍ത്തന്നെ അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള മുന്‍കൈകള്‍ നമ്മള്‍ എടുക്കുന്നുണ്ട്.
ലോക്കൗട്ടോ ലേ ഓഫോ ഒന്നും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. തൊഴില്‍ദിന നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനവും നമ്മുടേതാണ്. എന്നിട്ടും, കേരളത്തിനെതിരെ വന്‍ വ്യാജപ്രചരണങ്ങള്‍ നടത്തപ്പെടുകയാണ്. ഈ നാട് വ്യവസായസൗഹൃദവും തൊഴില്‍സൗഹൃദവുമല്ല എന്നും മലയാളികള്‍ നാടിനു പുറത്തുപോയി മാത്രം ജോലി ചെയ്യുന്നവരാണെന്നുമൊക്കെയാണ് ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്. ഇത് കേരളത്തിലേക്ക് വരാന്‍ താത്പര്യമുള്ള പുതിയ വ്യവസായങ്ങളെ തടയാനുള്ള ഒരു തന്ത്രമാണ് എന്നത് നാം മനസ്സിലാക്കണം. ഏതായാലും കേരളം വ്യവസായസൗഹൃദമാണെന്ന് തെളിയിക്കാനും അത്തരത്തിലുള്ള ഒരു പൊതുബോധം ദേശീയതലത്തില്‍ തന്നെ സൃഷ്ടിക്കാനും വലിയ തോതില്‍ നമുക്കിന്ന് കഴിഞ്ഞിരിക്കുന്നു. ഈ വഴിക്കുള്ള തുടര്‍ ശ്രമങ്ങളില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ആദ്യമേതന്നെ അഭ്യര്‍ത്ഥിക്കട്ടെയെന്നും മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here