സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് സിപിഎം; എജിയ്ക്ക് അപേക്ഷ നല്‍കി

കൊച്ചി: കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്ന് സിപിഎം. സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ട സംഭവത്തിലാണ് സിപിഎം നീക്കം. കേസ് അന്വേഷണത്തിന് മാത്രമേ ഈ രഹസ്യമൊഴി മൊഴി ഉപയോഗിക്കാവൂ എന്നിരിക്കേ ഇതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കസ്റ്റംസ് കമ്മിഷണര്‍ സത്യവാങ്മൂലം നല്‍കിയത് കോടതിയലക്ഷ്യമാണെന്നാണ് സിപിഎമ്മിന്‍റെ വാദം.

കസ്റ്റംസ് കമ്മിഷണര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യാന്‍ അനുമതി തേടി സിപിഎം അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നല്‍കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാനുമായ കെ.ജെ.ജേക്കബ് ആണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയ്ക്ക് അനുമതി തേടിയത്.

സിപിഎമ്മിന്‍റെ അപേക്ഷയില്‍ എ.ജി.കസ്റ്റംസ് കമ്മിഷണറുടെ വിശദീകരണം തേടിയിട്ടുണ്ട്. പ്രതികള്‍ മജിസ്ട്രേറ്റിന് നല്‍കുന്ന രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ നല്‍കാവൂ എന്നാണ് വ്യവസ്ഥ.

കസ്റ്റംസ് കമ്മിഷണറുടെ നടപടി കോടതി നടപടികളിലുള്ള കൈകടത്തലും കോടതിയുടെ അന്തസ് ഇടിച്ച് താഴ്ത്തുന്നതുമാണെന്ന് സിപിഎം അഡ്വക്കേറ്റ് ജനറലിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. അപേക്ഷ സ്വീകരിച്ച അഡ്വക്കേറ്റ് ജനറല്‍ സിപിഎമ്മിന്‍റെ പരാതിയില്‍ കോടതയിലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മിഷണര്‍ക്ക് നോട്ടിസ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here