സിപിഎം നിലപാട് വളച്ചൊടിക്കാന്‍ ശ്രമം; ബിജെപിയ്ക്ക് എതിരെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ഒരു വിമുഖതയുമില്ലെന്ന് എം.എ.ബേബി

0
285

തിരുവനന്തപുരം:  കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന സിപിഎം നിലപാടിനെ വളച്ചൊടിക്കുകയാണെന്ന് സിപിഎം പിബി അംഗം എം. എ.ബേബി. കോൺഗ്രസുമായി നേരിട്ട് സഖ്യം ഉണ്ടാക്കാൻ കഴിയില്ല. അവരുടെ സാമ്പത്തിക നയത്തോടുള്ള എതിർപ്പാണ് ഇതിന് കാരണം. അത് ബിജെപി നയത്തിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. എന്നാൽ ബിജെപി സ്ഥാനാർഥികളെ തോൽപ്പിക്കാൻ ആർക്ക് വോട്ട് ചെയ്യണം എന്ന് നോക്കിയാണ് സിപിഎം വോട്ട് ചെയ്യുക. ചിലപ്പോൾ ചില മണ്ഡലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയ്ക്കാവും വോട്ട് ചെയ്യുക. ഇങ്ങനെയുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാൻ സിപിഐഎമ്മിന് ഒരു വിമുഖതയും ഉണ്ടാകില്ലെന്ന് എം.എ.ബേബി അനന്ത ന്യൂസിനോട് പറഞ്ഞു.

പാർട്ടി കോൺഗ്രസ്സ് എടുത്ത തീരുമാനത്തിന്‍റെ കാതൽ ആർ.എസ്.എസ്.എന്ന ഫാസിസ്റ്റ് സംഘടനയെയും കൂട്ടാളികളെയും തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുക. അതിനുള്ള മാക്സിമൈസേഷൻ ഓഫ് വോട്ട്. അതാണ് പാർട്ടിയുടെ ടാക്റ്റിക്സ് സൈഡ്. അതിന് കോൺഗ്രസുമായി ചർച്ച ചെയ്ത് നീക്കുപോക്ക് ഉണ്ടാക്കേണ്ട ആവശ്യമില്ല. സിപിഎം സ്വതന്ത്രമായി നീങ്ങും.

തമിഴ്നാട്ടിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് സിപിഎം വോട്ട് ചെയ്യുന്നു. തിരിച്ചും സംഭവിക്കുന്നു. അസമിലും ബീഹാറിലും അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാൽ രാജസ്ഥാനിൽ മൂന്ന് സിപിഎം സ്ഥാനാർഥികൾ ജയിച്ചത് കോൺഗ്രസിനെയും ബിജെപിയെയും തോൽപ്പിച്ചാണ്.

കോൺഗ്രസ്സ് സിപിഎം ബന്ധം വിഷയമാക്കുന്നവർ കോൺഗ്രസ്സ് നേതൃത്വത്തോട് ഒരു ചോദ്യം ചോദിക്കണം. ബിജെപിക്ക് എതിരെ നീങ്ങുകയാണ് കോൺഗ്രസ്സ് ലക്ഷ്യമെങ്കിൽ സിപിഎം പിന്താങ്ങുന്ന സിപിഐ സ്ഥാനാർഥി യ്ക്ക് എതിരെ എന്തിനാണ് രാഹുൽഗാന്ധി വയനാട് വന്നു മൽസരിച്ചത്.
അത് ബിജെപിയെ ദുർബലപ്പെടുത്താനാണോ? ഇത് എന്തുകൊണ്ട് ആരും ഉന്നയിക്കുന്നില്ല?

കോൺഗ്രസ് പൊളിറ്റിക്കൽ ഡയറക്ഷൻ. അതിൽ പ്രശ്നങ്ങളുണ്ട്. കോൺഗ്രസിൻ്റെ രാഷ്ട്രീയ രാഹിത്യമാണ് ഇന്ത്യയിൽ ബിജെപിയെ വളർത്തുന്നത്. ബിജെപിയുടെ ഹിന്ദു രാഷ്ട്രത്തിന് എതിരെ രാഹുൽ നിലകൊള്ളുന്നത് ഹിന്ദു രാജ്യത്തിനാണ്. രാഹുൽ ഗാന്ധി ഇങ്ങനെയാണ് പറയുന്നത്. ഇങ്ങനെയുള്ള വിഡ്ഡിത്തം പുലമ്പുന്ന നേതാവിനോടും പാർട്ടിയോടും എങ്ങനെ സഹകരിക്കും? ഇങ്ങനെയൊക്കെ ആണെങ്കിലും കോൺഗ്രസ്സ് സ്ഥാനാർഥിയ്‌ക്ക് ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കഴിയുമെങ്കിൽ അവിടെ കോൺഗ്രസ്സ് സ്ഥാനാർഥിയിക്ക് സിപിഎം വോട്ട് ചെയ്യും.

യുപിഎ കാലത്തുള്ള ഒരു സഖ്യം കോൺഗ്രസുമായി വേണം എന്ന നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരിക്കലും എടുത്തിട്ടില്ല. ഈ കാര്യത്തിൽ സിപിഎമ്മിന് ഒരു നിലപാട് മാത്രമേയുള്ളൂ.ഇതിൽ ഒരു ആശയക്കുഴപ്പവുമില്ല. ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ ഏതു ഡെവിളിനും വോട്ട് ചെയ്യുമെന്ന് യെച്ചൂരി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മൻമോഹൻസിങ് പങ്കെടുത്ത കോൺഗ്രസ്സ് പരിപാടിയിൽ ഞാൻ പോയി സംസാരിച്ചിട്ടുണ്ട്. കോൺഗ്രസിന് ഒരു പൊളിറ്റിക്കൽ ഡയറക്ഷൻസ് ഇല്ല. ഇതാണ് കെ.വി. തോമസ് അടക്കമുള്ള പ്രശ്നങ്ങളിൽ കോൺഗ്രസ്സ് നേരിടുന്നത്. ഡൽഹിയിൽ ഒരു ബിജെപി ഇതര സർക്കാർ വരുകയാണെങ്കിൽ അതിൽ സഹകരിക്കേണ്ടവരാണ് കോൺഗ്രസും സിപിഎമ്മും അടക്കമുള്ളവർ. അങ്ങനെ ഒരു സാഹചര്യം വന്നാൽ പിബി അത് ചർച്ച ചെയ്ത് തീരുമാനിക്കും-എം.എ.ബേബി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here