കാവ്യയെ ചോദ്യം ചെയ്യുന്നു; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.

ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, ആലുവ ‘പത്മസരോവരം’ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ഇവിടെ വച്ച് ചോദ്യം ചെയ്യുന്നത്.

നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

നടിയെ പീ‍ഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here