തിരുവനന്തപുരം: മലപ്പുറത്തും കൊല്ലത്തും ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു. കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്നതാണ് ബ്ലാക് ഫംഗസ് ബാധ. തിരൂര്‍ ഏഴൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണിനെ ബാധിച്ചതിനാല്‍ ശസ്ത്രക്രിയ നടത്തി. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയയില്‍ നിന്നും രക്ഷനേടി. ഇതേ തുടര്‍ന്ന് വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. കൊല്ലത്തും യുവതിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു.
ബ്ലാക്ക് ഫംഗസ്ബാധക്കെതിരെ ജാഗ്രത നിർദേശവുമായി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തുവന്നിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്,ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.