രചിക്കുന്നത് പുതിയ ചരിത്രം; പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ത്ത പിണറായി വിജയന്റെ രണ്ടാം സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്നരയ്ക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ. കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. അതേസമയം ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്.

ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും ഇന്നു രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തി.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here