ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നതില്‍ ആശങ്ക; പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. പ്രതിരോധം ശക്തമാക്കാന്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, കര്‍ണാടക,പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ 40 കേസുകളാണ് ഇതുവരെ സ്ഥീരികരിച്ചിട്ടുള്ളത്. 21 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. മധ്യപ്രദേശില്‍ ആറും കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മൂന്നും വീതം കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി.

വൈറസ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ അടിയന്തര കണ്ടെയ്ന്‍റ്മെന്‍റ് നടപടികള്‍ സ്വീകരിക്കണം. പാലക്കാടും പത്തനംതിട്ടയിലും പ്രതിരോധ നടപടികള്‍ വേണം. ആള്‍ക്കൂട്ടം തടയണമെന്നും പരിശോധന വിപുലമാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്സീനേഷനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുകയാണ്. തിങ്കളാഴ്ച 88 ലക്ഷം പേര്‍ക്ക് വാക്സീന്‍ വിതരണം ചെയ്തപ്പോള്‍ ഇന്നലെയത് 54 ലക്ഷമായി കുറഞ്ഞു.

ലോകറെക്കോര്‍ഡ് നേടാനായി വാക്സീന്‍ പൂഴ്ത്തി വച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ വാക്സീനേഷന്‍ നിരക്ക് കുറച്ചതെന്നാണ് ബിജെപി വിമര്‍ശനം. രണ്ടു ഡോസ് സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച് പുറത്തിറങ്ങാമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ മാര്‍ഗരേഖ പറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 കേസുകളും 1358 മരണവും സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here