പുറത്തുവന്ന മകളോട് അമ്മ പറഞ്ഞത് അകത്ത് പോയിരിക്കൂ എന്ന്; പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടത് പള്ളിമൺ ആറ്റിൽ; ദേവനന്ദ ഓര്‍മ്മയായിട്ടു ഒരു വര്‍ഷം

കൊല്ലം: ദേവനന്ദ എന്ന കൊച്ചു മിടുക്കി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം. ദുരൂഹമായ മരണമായിരുന്നു ദേവനന്ദയുടേത്. പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയുംമകളാണ് ദേവനന്ദ. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഓർമയായി ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിടത്തു തന്നെ. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം ലോക്കൽ പൊലീസിൽ നിന്നു ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. മരണത്തിലെ ദുരൂഹത തെളിയിക്കണം എന്നാണ് മാതാപിതാക്കളുടെ ആവശ്യം. ആറു കടക്കുന്നതിനിടെ ദേവനന്ദ ഈ തടയണയിൽ നിന്നും കാൽ വഴുതി വീണെന്നാണ് പൊലീസ് ഭാഷ്യം.

2020 ഫെബ്രുവരി 27ന് രാവിലെ 9.30നു ശേഷമാണ് ദേവനന്ദയെ വീട്ടിൽ നിന്നും കാണാതായത്. അടുത്ത ദിവസം പുലർച്ചെയാണ് പള്ളിമൺ ആറിനു കുറുകെയുള്ള താൽക്കാലിക തടയണയ്ക്ക് സമീപം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. അന്ന് മുതൽ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത വിടാതെ പിന്തുടരുകയാണ്. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിച്ചതുമില്ല. താൻ പറയാതെ വീടിനു പുറത്തേക്കോ ബന്ധുക്കൾക്കൊപ്പമോ ദേവനന്ദ പോകില്ലെന്നാണ് അമ്മ ധന്യ പറയുന്നത്. പിന്നീട് ആറ്റില്‍ നിന്നാണ് കുട്ടിയുടെ ശരീരം കണ്ടെടുത്തത്.

ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടിൽ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാൽ നടയായി അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നത്. കുട്ടി എങ്ങനെ അവിടം വരെ എത്തിയെന്നതിനെപ്പറ്റി ഒരു അന്വേഷണവും നടന്നിട്ടില്ല. ഇതേ അഭിപ്രായമാണ് ബന്ധുക്കള്‍ക്കുള്ളത്. സംശയമുള്ളവരെ ചോദ്യം ചെയ്തു,മൊബൈൽ ഫോണുകൾ പരിശോധിച്ചു, അസ്വാഭാവികത ഒന്നുമില്ലെന്ന കണ്ടെത്തലോടെ കേസന്വേഷണം അവിടെ നിന്നു. പിന്നീട് ഫൊറൻസിക്, പോസ്റ്റ് മോർട്ടം റിപ്പോർട്ടും കാത്തിരുന്നു ഒടുവിൽ അതിലും ദുരൂഹതയില്ല എന്നു മനസ്സിലായതോടെ ലോക്കൽ പൊലീസ് അന്വേഷണം ഏകദേശം നിർത്തുന്ന ഘട്ടത്തിൽ എത്തി. ഇതോടെ വീട്ടുകാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. ഒടുവിൽ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. അവിടെയും കാര്യമായ നീക്കം ഒന്നും ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here