തിരുവനന്തപുരം: ചെറിയ പെരുന്നാൾ വ്യാഴാഴ്ച. സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് പെരുന്നാള്‍ വ്യാഴാഴ്ചയായി തീരുമാനിച്ചത്. ഇന്നു മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. കോവിഡ് കോവിഡ് സാഹചര്യത്തിൽ നമസ്കാരം വീടുകളിൽ നടത്തണമെന്ന് ഖാസിമാർ അറിയിച്ചു. ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും നിർദേശമുണ്ട്.
ഒരു മാസം നീണ്ടു നിന്ന നോമ്പിന് ശേഷമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും ഇത്തവണ ലോക്ക്ഡൌൺ കാരണം ഉണ്ടാകില്ല. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളിൽ നടത്തേണ്ടി വരും.