തിരുവനന്തപുരം: പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാതെ ഇരുപതിനായിരം കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജുമായി സംസ്ഥാന ബജറ്റ്. ഒരുമണിക്കൂര്‍ ഒരുമിനിറ്റുകൊണ്ട് ബജറ്റവതരണം തീരുകയും ചെയ്തു. കോവിഡ് ദുരിതം പരിഗണിച്ചാണ് പുതിയ നികുതിനിര്‍ദേശങ്ങളൊന്നും പ്രഖ്യാപിക്കാതിരുന്നത്. . കോവിഡ് പ്രതിരോധത്തിനും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ കൈത്താങ്ങ് നല്‍കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് കെ.എന്‍.ബാലഗോപാലിന്‍റെ ആദ്യ ബജറ്റില്‍ മുന്‍തൂക്കം.കോവിഡ് ദുരിതത്തില്‍ ഉപജീവനമാര്‍ഗത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് 8,900 കോടി പണമായി നല്‍കും. വാക്സീന്‍ വാങ്ങുന്നതിന് 1,000 കോടി നീക്കിവച്ചു. കടലാക്രമണത്തില്‍ നിന്ന് തീരദേശത്തെ രക്ഷിക്കാന്‍ 5,300 കോടിരൂപയുടെ പദ്ധതി നടപ്പാക്കും.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി, ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കയ്യിലെത്തിക്കുന്നതിന് 8900 കോടി, വായ്പയും പലിശ സബ്സിഡിയുമായി 8300 കോടി. ഇങ്ങനെയാണ് 20000 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. തോട്ടംമേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ പഴവര്‍ഗ കൃഷിയും അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും മുന്നണിയില്‍ അഭിപ്രായ ഐക്യമുണ്ടായെങ്കിലേ നടപ്പാക്കാനാകൂ. . കഴിഞ്ഞ ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ തീരസംരക്ഷണത്തിന് 5300 കോടിയാണ് നീക്കിവച്ചത്. തീരമേഖലയ്ക്ക് ആകെ 11000 കോടി പറയുന്നുണ്ടെങ്കിലും പദ്ധതികള്‍ പലതും നിലവിലേതുതന്നെയാണ്. കെ.എസ്.ആര്‍.ടി.സിക്ക് 3000 സിഎന്‍ജി ബസുകള്‍ എന്ന പ്രഖ്യാപനവും ബജറ്റിലെ ആവര്‍ത്തനവിരസതയായി. ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയെ സഹായിക്കാന്‍ 100 കോടി കോര്‍പസുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കും. കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതി നിരക്കുകളില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ ഉണ്ടായില്ല. എന്നാല്‍ വൈകാതെ നികുതി–നികുതിയേതര വരുമാനം കൂട്ടേണ്ടിവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കാര്‍ഷിക മേഖലയിലെ പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ 2000 കോടിയും ചെറുകിട–ഇടത്തരം വ്യവസായങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ 2000 കോടിയും അയല്‍ക്കൂട്ടങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ 1000 കോടിയും വായ്പ ലഭ്യമാക്കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 200 കോടി വായ്പ. ഇതിന് പലിശയിളവ് നല്‍കാന്‍ 15 കോടി നീക്കിവച്ചു. ടൂറിസം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ക്കറ്റിങ്ങിന് നീക്കിവച്ച തുക 100ല്‍ നിന്ന് 150 കോടിയാക്കി. കെ.എഫ്.സിയില്‍ നിന്ന് വായ്പയെടുത്തിട്ടുള്ള, സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംരംഭകര്‍ക്ക് മുതല്‍ തിരിച്ചടവിന് ഒരുവര്‍ഷം വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. അതിദാരിദ്ര്യലഘൂകരണ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി നീക്കിവച്ചു. ഹെല്‍ത്ത് ഗ്രാന്‍റായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന 2968 കോടിയില്‍ 559 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കും. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി പൊതു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ 10 കോടി നീക്കിവെച്ചിട്ടുണ്ട്.