ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനവില വര്‍ധന ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചതാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക പ്രതികരണം. നിലവില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്സൈസ് നികുതിയും കൂടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്പനികളുമായും ചില സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതേസമയം, ഇന്ധനവിലവര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് തുടരുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.