കൊച്ചി: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഏര്‍പ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചതിനാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ വന്നത്. പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. അതേസമയം, ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീർക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം. സംഭവത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹൃദമാക്കാൻ സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ അഭിനന്ദനങ്ങൾ ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് സസ്പെന്‍ഷന്‍ വന്നത്. സസ്പെൻഷൻ ഓർഡർ പൊലീസുകാരെ ഞെട്ടിച്ചിട്ടുണ്ട്. സ്വന്തം പോക്കറ്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായാണു വിവരം. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം പാലിക്കുക കൂടിയാണ് ചെയ്തിരിക്കുന്നതായിരുന്നു ഇക്കാര്യത്തിൽ പൊലീസ് നിലപാട്.
ജനുവരി ആദ്യ ആഴ്ചയിൽ ഡിസിപി ഐശ്വര്യ ഡോങ്റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു. പൊലീസുകാർക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെ കമ്മിഷണർ ഇവരെ താക്കീതു നൽകുന്ന സാഹചര്യവുമുണ്ടായി.