സര്‍ക്കാരിനു വന്‍ തിരിച്ചടി; ഇ.ഡി.യ്ക്ക് എതിരായ അന്വേഷണം റദ്ദാക്കി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനു വന്‍ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണാണ് വിധിപറഞ്ഞത്. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറും റദ്ദാക്കി. അന്വേഷണവിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണമെന്ന നിർദേശവും കോടതി നൽകി. കേസിലെ തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്.

ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കെതിരെ കള്ളമൊഴിക്ക് ഇഡി പ്രേരിപ്പിച്ചെന്നായിരുന്നു കേസ്.രേഖകള്‍ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടര്‍നടപടി തീരുമാനിക്കാം.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here