തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം, ഡ്രോണ്‍, ജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചു.
കൂടാതെ കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍ മറ്റുപകരണങ്ങള്‍ ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് ക്രിമിനല്‍ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏപ്രില്‍ 23, 24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം.