ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു ജയശ്രീയെ മരിച്ച നിലയില്‍ കണ്ടത്.
ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ അകാല മരണത്തിന്റെ ഞെട്ടലിലാണു കന്നഡ ചലച്ചിത്രലോകം. നിരവധി പേരാണു സമൂഹമാധ്യമത്തിലൂടെ നടിക്ക് ആദരാഞ്ജലി നേരുന്നത്.
2020ലാണു വിഷാദരോഗത്തെക്കുറിച്ചു ജയശ്രീ തുറന്നുപറഞ്ഞത്. തനിക്കു ജീവനൊടുക്കാൻ തോന്നുന്നതായും സൂചിപ്പിച്ചു. പിന്നീട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത്, താൻ സുരക്ഷിതയാണെന്നും എല്ലാവരെയും സ്നേഹിക്കുന്നതായും എഴുതി. ഇതെല്ലാം ചെയ്യുന്നതു പ്രശസ്തിക്കു വേണ്ടിയല്ല. സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും വിഷാദത്തിലാണെന്നും ഒരുപാടു വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതായും നടി കുറിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല)