തിരുവല്ല: കെറെയിലിന് ജനങ്ങൾ അതിനു നൽകിയ ചുട്ട മറുപടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നും വിനാശകരമായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി അവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒരു മാസക്കാലം തമ്പടിച്ച് , ഭരണ സംവിധാനം അപ്പാടെ ദുരുപയോഗം ചെയ്തു പ്രചണ്ഡ പ്രചരണം നടത്തി സെഞ്ച്വറി തികച്ചു കളയാമെന്നുള്ള അതി മോഹത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയിൽ ഉണ്ടായത്. ജനഹിതം മാനിച്ച് പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട ഭരണാധികാരികൾ അതു മറന്ന് ധിക്കാരവും ധാർഷ്ട്യവും പിടിവാശിയും കൈമുതലാക്കുമ്പോൾ ജനങ്ങൾ അവർക്ക് കരുതിവെച്ച് സമ്മാനം നൽകുന്ന ചരിത്രഗതിയുടെ ആവർത്തനമാണ് തെരഞ്ഞെടുപ്പ് ഫലം.
നാലു വോട്ട് ലക്ഷ്യംവെച്ച് വിരുദ്ധ ധ്രുവങ്ങളിൽ ഉള്ള വർഗീയശക്തികളെ ഒരേസമയം ഒരേ പോലെ പ്രോത്സാഹിപ്പിച്ച് കേരളത്തിന്റെ മതേതര പൈതൃകത്തിന് അപമാനം ഉണ്ടാക്കിയ ഭരണകൂടത്തിനു ജനങ്ങൾ നൽകിയ ശിക്ഷാവിധിയാണ് ഫലമെന്നും ഇതിലൂടെ തൃക്കാക്കര മതേതര കേരളത്തിന്റെ അഭിമാനം ഉയർത്തിയിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു.