വീണ്ടും തെളിഞ്ഞത് വിധവകളെ കൈവിടില്ലെന്ന കേരള രാഷ്ട്രീയ മനസ്; റാന്നിയും തിരുവല്ലയും വടകരയും തൃക്കാക്കരയുമെല്ലാം നല്‍കുന്നത് ഇതേ ചരിത്രം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് റെക്കോര്‍ഡ് വിജയം കേരളത്തിന്റെ രാഷ്ട്രീയ മനസിന്റെ പ്രതീകം കൂടിയാകുന്നു. തിരഞ്ഞെടുപ്പില്‍ വിധവകളെ കൈവിടില്ലെന്ന രാഷ്ട്രീയ മനസ് തൃക്കാക്കരയില്‍ കേരളം ഒന്ന് കൂടി തെളിയിക്കുകയാണ് ചെയ്തത്. വിധവകള്‍ എവിടെയൊക്കെ മത്സരിച്ചിട്ടുണ്ടോ അവിടെയെല്ലാം തിരഞ്ഞെടുപ്പില്‍ വിജയം അവര്‍ക്കായിരുന്നു.

റാന്നിയും തിരുവല്ലയും വടകരയും തൃക്കാക്കരയുമെല്ലാം ഇതേ ചരിത്രം തന്നെയാണ് നല്കുന്നതും. ഈ മനസ് ശക്തമായി തുടരുന്നതുകൊണ്ടാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും അടക്കമുള്ള നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ മറിച്ചൊരു റിസള്‍ട്ട് ഇല്ലാതെ വന്നത്. പി.ടി.തോമസിന്റെ വിധവ എന്ന രീതിയില്‍ സഹതാപതരംഗത്തിന്റെ ശക്തമായ പിന്‍ബലത്തോടെയാണ് ഉമ തോമസ്‌ തൃക്കാക്കര സ്ഥാനാര്‍ഥിയായത്.

ഒരൊറ്റ പേര് മാത്രമാണ് തൃക്കാക്കര കെപിസിസി മുന്നോട്ട് വെച്ചത്. കേരളത്തിന്റെ രാഷ്ട്രീയ മനസ് മനസിലാക്കി തന്നെയായിരുന്നു കെപിസിസിയുടെ നീക്കങ്ങള്‍. ഇത് തന്നെയാണ് തിരഞ്ഞെടുപ്പില്‍ ഫലം കണ്ടതും. തൃക്കാക്കര കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലം തന്നെയാണ്. തൃക്കാക്കരയിൽ മണ്ഡല രൂപീകരണത്തിനു ശേഷം കോണ്‍ഗ്രസ് തോറ്റിട്ടില്ല. പക്ഷെ വിധവ എന്ന പരിഗണന തന്നെയാണ് കാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷ്ത്തിനു ഉമയെ സഹായിച്ചത്.

ഇടതുപക്ഷത്തെ മാത്രം വരിച്ച വടകരയുടെ മണ്ണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴി മാറി ചിന്തിച്ചു. ടി.പി.യുടെ വിധവ രമ മത്സരിച്ചപ്പോഴാണ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വടകര മനസ് മാറ്റിയത്. ടി.പി.യുടെ വിധവ എന്ന പരിഗണനയാണ് വടകര കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു തവണ പ്രചാരണത്തിനെത്തിയിട്ടും വടകരയുടെ മനസ് ഇളകിയില്ല.

ഉമ തോമസിന് ലഭിച്ച പോലെ ചരിത്ര വിജയമാണ് വടകരയില്‍ രമയ്ക്ക് ലഭിച്ചത്. 7491 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം ആദ്യമായി മാറ്റിയെഴുതി രമയെ വടകര വിജയിയാക്കിയത്. 1986 -ൽ സണ്ണി പനവേലി എംഎല്‍എ യുടെമരണത്തെതുടർന്ന് 1986-ൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിയായത് സണ്ണി പനവേലിയുടെ ഭാര്യയായ റേച്ചൽ സണ്ണി പനവേലിയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.സി ചെറിയാനെ പരാജയപ്പെടുത്തി 623 വോട്ടിന്റെ ഭരിപക്ഷത്തിലായിരുന്നു റേച്ചല്‍ സണ്ണി പനവേലിന്റെ വിജയം.

ഭര്‍ത്താവിന്റെ സീറ്റ് കാക്കാന്‍ ഭാര്യ എത്തിയത് 2003-ല്‍ തിരുവല്ലയിലാണ്. കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ ആയിരുന്ന മാമന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്നായിരുന്നു എലിസബത്ത് മാമന്‍ മത്തായി മത്സര രംഗത്തെത്തുന്നത്. മൂന്ന് തവണ തിരുവല്ല മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മാമമന്‍ മത്തായിയുടെ സീറ്റില്‍ അന്ന് എലിസബത്തിന് തന്നെയായിരുന്നു വിജയം.

ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ.വര്‍ഗീസ് ജോര്‍ജിനെതിരേ 4689 വോട്ടിന്റെ വിജയമാണ് എലിസബത്ത് മാമന്‍ മത്തായി നേടിയത്. ഇപ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. തൃക്കാക്കര ഇടതുമുന്നണി പ്രസ്റ്റീജ് മത്സരമായി മാറ്റിയിട്ടും ഇളകാതെ മണ്ഡലം പി.ടി.തോമസിന്റെ വിധവയായ ഉമ തോമസിനെ കൈവിട്ടില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ നല്‍കിയാണ്‌ നിയമസഭയിലേക്ക് വിടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here