മലപ്പുറം: കരുവാരക്കുണ്ടില്‍ സുപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ചട്ടിപ്പറമ്പില്‍ ഒരു സാറ്റലൈറ്റ് ക്ലിനിക്കും ആരംഭിക്കാന്‍ പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി തീരുമാനിച്ചു. 16 കോടി രൂപയുടെ വലിയ പ്രോജക്ടാണ് കരുവാരക്കുണ്ടില്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെയും ഭരണസമിതിയുടെയും 36ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെയും അംഗീകാരത്തോടെയാണ് ഈ പുതിയ മുന്നേറ്റം. നല്ല നാളേക്കായി കരുതലോടെയുള്ള ചുവടുവെപ്പിന്റെ ഭാഗമാണ് ഈ സംരംഭം. സാധാരണക്കാര്‍ക്ക് പ്രാപ്യവും ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാവുന്ന മികച്ച ചികിത്സാ സൗകര്യം എന്ന മലയോര നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നത്തിനാണ് സാക്ഷാത്കാരമാകുന്നത്. 200 ഓളം പേര്‍ക്ക് നേരിട്ട് തൊഴിലവസരം ഇതെല്ലാമാണ് നൂറ് പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിലൂടെ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയുടെ ലക്ഷ്യം. പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികള്‍ പൂര്‍ണ പിന്തുണയുമായി ഈ സംരംഭത്തിനോപ്പമുണ്ട്.
16 കോടി രൂപാ ചെലവിലുള്ള ഈ പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തലും മറ്റു അടിസ്ഥാന സൗകര്യമൊരുക്കുന്നതടക്കമുള്ള നടപടികളും പൂര്‍ത്തിയാക്കികഴിഞ്ഞു. ഇനി രണ്ട് മാസത്തിനുള്ള ആശുപത്രിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള മലയോരത്തെ ഏറ്റവും വലിയ ആശുപത്രിയായി പൂര്‍ണതോതില്‍ സജ്ജമാകും. . ഉരുള്‍പൊട്ടലുകളും പ്രകൃതി ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ ഓരോ വിലപ്പെട്ട ജീവനുകളും രക്ഷിച്ചെടുക്കാന്‍ കിലോമീറ്റര്‍ താണ്ടേണ്ട ദുരവസ്ഥക്കുള്ള അവസാനമാണ് ഈ ആശുപത്രി. സാധാരണക്കാരന്റെ ജീവിത നിലവാരം എന്നും സുരക്ഷിതമാക്കിയിട്ടുള്ള കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ ആശുപത്രിയും. ഈ ആശുപത്രിയുടെ ഓഹരി ഉടമയായി മാറാനുള്ള അവസരവുമുണ്ട്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രി മുന്‍വര്‍ഷം ഓഹരി ഉടമകള്‍ക്ക് 10% ഡിവിഡന്റും 5 % ചികിത്സാ ആനുകുല്യങ്ങളും നല്‍കിയിട്ടുണ്ട്.