തിരുവനന്തപുരം: മാധ്യമ ലോകത്തിനു നടുക്കമായി അനില്‍ രാധാകൃഷ്ണന്റെ (54 ) മരണം. ദി ഹിന്ദു കേരള ബ്യൂറോ ചീഫായി സേവനമനുഷ്ടിക്കവേയാണ് അനിൽ രാധാകൃഷ്ണന്റെ വിടവാങ്ങല്‍. അവിശ്വസനീയമായ വാര്‍ത്തയായാണ് ഈ വിടവാങ്ങല്‍ മാധ്യമലോകം കണ്ടത്. ഇന്നു ഉച്ചയ്ക്ക് ഊണ് കഴിച്ച് ഉറങ്ങിയ അനില്‍ രാധാകൃഷ്ണന്‍ പിന്നെ ഉണര്‍ന്നില്ല. ഉണരാത്തത് കണ്ടു ഭാര്യ കുലുക്കി വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരണം അറിയുന്നത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായതിനാല്‍ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മാധ്യമ സമ്മേളനത്തിനു താജില്‍ അനില്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നു. പലരുമായും സംസാരിച്ചാണ് പിരിഞ്ഞത്. അതുകൊണ്ട് തന്നെ ഇന്നു അറിഞ്ഞ മരണവൃത്താന്തം മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ മൂന്നു വര്‍ഷത്തിന്നിടയില്‍ ഹിന്ദുവിനു നഷ്ടമാകുന്ന നാലാമത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് അനില്‍ രാധാകൃഷ്ണന്‍. ദ ഹിന്ദു തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെയാണ് ജി. മഹാദേവന്‍ വിട പറയുന്നത്. മൂന്നു വര്‍ഷം മുന്‍പായിരുന്നു മഹാദേവന്റെ മരണം. ഹിന്ദുവിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഉമ്മൻ എ നൈനാൻ ആണ് 2020ല്‍ വിടവാങ്ങിയത്. 24 വർഷം ദി ഹിന്ദുവിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു ഉമ്മന്‍. ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എന്‍.ജെ. നായരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. ഹിന്ദുവിന്റെ കേരള ബ്യൂറോ ചീഫ് ആയി ജോലി ചെയ്യവേയാണ് അനില്‍ രാധാകൃഷ്ണന്റെ മരണവും.
അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണനെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, കെ രാജൻ, സ്‌പീക്കർ എം ബി രാജേഷ്, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവർ അനുശോചിച്ചു.
1992 ൽ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്യൂറോയിൽ പത്രപ്രവർത്തനം ആരംഭിച്ച അനിൽ 1997 ൽ ദ ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം എന്നീ മേഖലകളുടെ പുരോഗതിക്കുതകുന്ന അനവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ചു.
പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് . മകൻ: നാരയൺ എസ് എ (റിലയൻസ് പെട്രോളിയം ഗുജറാത്ത്. സംസ്ക്കാരം മറ്റന്നാൾ രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ നടക്കും.