തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നു. കെ.വി.തോമസിനെ തൊടാന്‍ മടിക്കുകയാണ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃത്വം തോമസിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനു കത്ത് നല്‍കിയെങ്കിലും തോമസ് പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ആശങ്കയിലാണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
കെ.വി.തോമസ് പ്രശ്നം ആവശ്യമില്ലാതെ വഷളാക്കിയ കെപിസിസി നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്നിടയില്‍ തന്നെയാണ് സെമിനാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കോണ്‍ഗ്രസിനെ തുറിച്ച് നോക്കുന്നത്. ഡിഎംകെ-കോണ്‍ഗ്രസ് ബന്ധത്തില്‍ കടുത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വരാന്‍ ഇടയുള്ള ഈ സംഭവം കടുത്ത നടപടിയില്ലാതെ പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം.
സിപിഎം സെമിനാര്‍ എന്നതിന് അപ്പുറം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുത്ത സെമിനാറിലാണ് കെ.വി.തോമസ് പങ്കെടുത്ത് സംസാരിച്ചത്. ഇതിന്റെ പേരില്‍ തോമസിനെതിരെ നടപടി വന്നാല്‍ അത് ബാധിക്കുക ഡിഎംകെ കോണ്‍ഗ്രസ് ബന്ധത്തെ കൂടിയാണ്. ഇതാണ് ഹൈക്കമാന്‍ഡിനെ ആശങ്കപ്പെടുത്തുന്നത്.
സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കെ.വി.തോമസിനു സസ്പെന്‍ഷനോ പുറത്താക്കലോ വന്നാല്‍ അത് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്-ഡിഎംകെ ബന്ധം വഷളാക്കും. യുപിഎ ബന്ധത്തിലും ഇത് പൊട്ടിത്തെറിയ്ക്ക് വഴിവയ്ക്കും. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളെ ചേര്‍ത്ത് ബിജെപിയ്ക്ക് എതിരെ പ്രതിരോധനിര വേണം എന്ന ആവശ്യമാണ് സ്റ്റാലിന്‍ മുന്നോട്ട് വയ്ക്കുന്നത്.
സ്റ്റാലിന്‍ പങ്കെടുത്ത വേദിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് തോമസിനെതിരായി നടപടി സ്വീകരിച്ചാല്‍ അത് സ്റ്റാലിനെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വിഷയം കൂടിയായി മാറുകയാണ്. സ്റ്റാലിന്‍ നയിക്കുന്ന മുന്നണിയിലെ അംഗമാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലും മുന്നണിയില്‍ കോണ്‍ഗ്രസ് വേണം എന്ന അഭിപ്രായമാണ് സ്റ്റാലിന്‍ പങ്ക് വയ്ക്കുന്നത്. തമിഴ്നാടിലെ നാല്പത് ലോക്സഭാ സീറ്റുകളില്‍ ഇരുപത് സീറ്റും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കൈമാറുകയാണ് സ്റ്റാലിന്‍ ചെയ്തത്.
നാല്പത് സീറ്റുകളില്‍ വേണമെങ്കില്‍ ഡിഎംകെയ്ക്ക് തനിച്ച് മത്സരിക്കാന്‍ കഴിയുകയും വിജയിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. ഡിഎംകെ നല്‍കിയ സീറ്റില്‍ നിന്നാണ് കോൺഗ്രസ് 8 ഉം സിപിഎം 2, സിപിഐ 2 ഉം സീറ്റുകള്‍ നേടിയത്. ഇത് സ്റ്റാലിന്റെ സംഭാവനയാണ്. ഇതാണ് തോമസ് പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിടുന്ന വെല്ലുവിളി.
കെ.വി.തോമസിന് എതിരെ ഹൈക്കമാന്‍ഡിനു കത്തെഴുതിയ ശേഷം രൂക്ഷമായ പ്രതികരണമാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയത്. കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കും. കെ.വി.തോമസിനെ ഞങ്ങള്‍ക്കുവേണ്ട, അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോയിക്കഴിഞ്ഞു.
കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണ്. സി.പി.എമ്മുമായി അദ്ദേഹം കച്ചവടം നടത്തി നില്‍ക്കുകയാണെന്നും കെ.സുധാകരന്‍ പറഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും മുക്കുവക്കുടിലില്‍ നിന്ന് വന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം. ഇനിയൊന്നും കിട്ടാന്‍ അവസരം ഇല്ലെന്ന് കണ്ടാണ് പിണറായി കണ്‍കണ്ട ദൈവമായത് എന്നൊക്കെ പറഞ്ഞാണ് തോമസിനെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്.