കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം മോദിയ്ക്കും ഷായ്ക്കും മുന്നിലുള്ള കീഴടങ്ങലാണെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മുന്നിലുള്ള സിപിഎം കേരള ഘടകത്തിന്റെ കീഴടങ്ങലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ലാവ്ലിന്‍ മണക്കുന്ന, ലാവ്ലിന്‍ കേസിന് മുന്നിലുള്ള കേരള ഘടകത്തിന്റെ തീരുമാനം മാത്രമായേ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനെ കാണാന്‍ കഴിയൂ എന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനത്തെ സ്വാധീനിക്കാനും ലാവ്ലിന്‍ കേസ് തന്നെയാണ് കാരണമായത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന 2019-ല്‍ എടുത്ത അതേ തീരുമാനമാണ് ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും നടപ്പാക്കപ്പെടുന്നത്. ലാവ്ലിന്‍ കേസ് പിണറായി വിജയനെ തുറിച്ച് നോക്കുമ്പോള്‍ അഴിമതിയുടെയും വഞ്ചനയുടെയും പ്രതീകമായാണ്   കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം വിലയിരുത്തപ്പെടുന്നത്.

മുന്‍പ് കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടപ്പോള്‍ കേരള ഘടകത്തിന്റെ പിന്തുണയോടെ ഈ ആവശ്യം പിബി വോട്ടിനിട്ട് തള്ളുകയായിരുന്നു. നാല്പത് ശതമാനം വോട്ടുകള്‍ മാത്രമുള്ള ബിജെപിയ്ക്ക് 2019-ല്‍ വീണ്ടും അധികാരത്തില്‍ വരാന്‍ സിപിഎമ്മിന്റെ ഈ തീരുമാനം സഹായിച്ചു. ബിജെപി ഇതര വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായത് സിപിഎമ്മിന്റെ ഈ നിലപാടായിരുന്നു.

പിണറായിയുടെ മുഖ്യമന്ത്രി കസേര ഒരര്‍ത്ഥത്തില്‍ മോദിയുടെയും അമിത് ഷായുടെയും ഔദാര്യമാണ്. 2016-ല്‍ ഈ കേസ് കേരള ഹൈക്കോടതിയില്‍ വന്നപ്പോള്‍ വിധി പിണറായി വിജയന് അനുകൂലമായിരുന്നു. പിണറായിയെയും രണ്ടു പേരെയും കേസില്‍ നിന്നും ഒഴിവാക്കിയാണ് ഈ സിബിഐ കേസില്‍ വിധി വന്നത്. സംശയകരമായ ഒരു വിധിയായിരുന്നു ഇത്. കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയം പൊട്ടിയാണ് പി.എ.സിദ്ധാര്‍ത്ഥ മേനോന്‍ മരിച്ചത്.

2017-ല്‍ സിബിഐ സുപ്രീംകോടതിയില്‍ പോയി. ഇതോടെയാണ് മോദിയും പിണറായിയും തമ്മില്‍ ധാരണയിലാകുന്നത്. സുപ്രീംകോടതിയില്‍ നിന്നും ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി മാറ്റിവയ്ക്കപ്പെട്ടു തുടങ്ങുകയും ചെയ്തു. പ്രത്യുപകാരമെന്നോണം വീണ്ടും കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന തീരുമാനം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടപ്പാക്കുകയും ചെയ്തിരിക്കുന്നു-താമരാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here