തിരുവനന്തപുരം: എന്റെ മാഡം കാവ്യ മാധവന്‍ തന്നെയാണെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ടെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസില്‍ കാവ്യയ്ക്കുള്ള പ്രാധാന്യം തന്നെയാണ് കാവ്യയെ ഇപ്പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ എത്തിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ അനന്ത ന്യൂസിനോട് പറഞ്ഞു.
ഇന്റലിജന്റായ ഓഫീസര്‍മാരാണ് ക്രൈംബ്രാഞ്ച് സംഘത്തിലുള്ളത്. അവര്‍ അങ്ങനെ തെളിവില്ലാതെ ഒന്നും ചെയ്യില്ല. കേസിലേക്ക് വെറുതെ കൊണ്ട് വരാനും അവര്‍ ശ്രമിക്കില്ല. വളരെ സത്യസന്ധമായാണ് അന്വേഷണം നീങ്ങുന്നത്. ഈ കേസില്‍ കാവ്യയ്ക്ക് പ്രാധാന്യം ഉണ്ടെന്നു മനസിലാക്കിയാണ് ക്രൈംബ്രാഞ്ച് അവരെ ചെയ്യാന്‍ വിളിപ്പിക്കുന്നത്.
കേസില്‍ ഒരു മാഡം ഉണ്ടെന്ന കാര്യം പള്‍സര്‍ സുനി ആദ്യമേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ മാഡം കാവ്യ തന്നെയെന്നു പള്‍സര്‍ സുനി പറയുന്ന ദൃശ്യങ്ങള്‍ മുന്‍പ് തന്നെ വന്നിട്ടുണ്ട്. ദിലീപ് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീ പറഞ്ഞതിനാലാണ് ഞാന്‍ പെട്ട് പോയതെന്ന് ദിലീപ് തന്നെ ആ സംഭാഷണങ്ങളില്‍ പറയുന്നുണ്ട്. അന്ന് മുതലേ ഒരു സ്ത്രീ സാന്നിധ്യം ഈ കേസിലുണ്ട്. പക്ഷെ തെളിവുകള്‍ പോലീസിനു ലഭ്യമല്ലായിരുന്നു.
എന്റെ പരാതി വന്നപ്പോള്‍ കേസിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് ദിലീപ് തന്നെ പറഞ്ഞത് ആ സംഭാഷണങ്ങളിലൂടെ തന്നെ പുറത്ത് വന്നു. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്റെ പരാതിയെ തുടര്‍ന്ന് കേസില്‍ തുടര്‍ അന്വേഷണം വന്നപ്പോള്‍ കേസ് കാവ്യയിലേക്ക് നീങ്ങാന്‍ തുടങ്ങുകയാണ്. അതാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ അന്വേഷണം നടത്താന്‍ വിചാരണക്കോടതിയാണ് അനുമതി നല്‍കിയത്.
എന്റെ മൊഴിയില്‍ കാവ്യയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. കാരണം ഞാന്‍ പറയുന്നില്ല. എന്റെ മൊഴി പുറത്ത് പറയാന്‍ കഴിയില്ല. എന്റെ മൊഴിയില്‍ കാവ്യയുടെ പേര് ഉള്ളതുകൊണ്ട് സ്വാഭാവികമായും പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കും. ദിലീപിനോടും ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന പെണ്ണ് ഏതെന്നു ക്രൈംബ്രാഞ്ച് സംഘം ചോദിക്കും. എല്ലാം സ്വാഭാവികം. കാവ്യയും ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.
ഞാന്‍ പറഞ്ഞതും സുരാജ് പറഞ്ഞതുമെല്ലാം ഒരേ കാര്യങ്ങളാണ്. സുരാജിന്റെ ഓഡിയോ വന്നപ്പോള്‍ അതില്‍ കാവ്യയുടെ പേര് പറയുന്നു. അതുകൊണ്ടാണ് കാവ്യയ്ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്-ബാലചന്ദ്രകുമാര്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യയ്ക്ക് അവസരം നല്‍കിയിട്ടുണ്ട്. പക്ഷെ ചോദ്യം ചെയ്യലിന് തിങ്കള്‍ തന്നെ ഹാജരാകണം.