കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് നാല്പതു നാൾ നീളുന്ന കളമെഴുത്ത് ഉത്സവങ്ങള്‍ നടക്കുന്നത്. പലനിറപ്പൊടികൾ കൊണ്ട് കാളിയുടെ, അയ്യപ്പന്റെ, നാഗത്തിന്റെ, വേട്ടയ്ക്കൊരു മകന്റെ മനോഹര ചിത്രങ്ങൾ നിലത്തു വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കളം വണങ്ങിയതിനുശേഷം പാട്ട് ആരംഭിക്കുന്നു. വീക്കച്ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ, ചെണ്ട എന്നിവയുടെ അകമ്പടിയുമുണ്ടാകും. പാട്ടിനു ശേഷം പ്രദക്ഷിണത്തോടെ കളം മായ്ക്കും.
കളമെഴുതാൻ പ്രകൃതിദത്തമായ നിറങ്ങളാണ് ഉപയോഗിക്കുക. കറുപ്പിന് ഉമിക്കരി, വെളുപ്പിന് അരിപ്പൊടി, മഞ്ഞയ്ക്ക് മഞ്ഞൾപ്പൊടി, പച്ചയ്ക്ക് വാകയിലപ്പൊടി, ചുവപ്പിന് മഞ്ഞൾ-ചുണ്ണാമ്പ് മിശ്രിതം എന്നിങ്ങനെയാണത്. കളം വരഞ്ഞ് പൂർത്തിയാവാൻ രണ്ടു മണിക്കൂറോളമെടുക്കും. കുരുത്തോലയും ചെമ്പരത്തിയും തുളസിയും ഉപയോഗിച്ചുളള തോരണങ്ങളും അലങ്കാരങ്ങളും ഉണ്ടാവും. പരമ്പരാഗതമായി കുറുപ്പ്, തെയ്യംപാടി നമ്പ്യാർ, തീയ്യാടി നമ്പ്യാര്, തീയ്യാട്ടുണ്ണി സമുദായങ്ങളിൽ നിന്നുളളവരാണ് കളമെഴുത്ത് കലാകാരന്മാർ. ഓരോ വിഭാഗത്തിന്റെയും കളങ്ങൾ വ്യത്യസ്തവുമായിരിക്കും.