അനുഷ്ടാന കലയായി കളമെഴുത്ത്

0
161

കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക. കേരളത്തിലെ ഭ​ഗവതി ക്ഷേത്രങ്ങളിലാണ് നാല്പതു നാൾ നീളുന്ന കളമെഴുത്ത് ഉത്സവങ്ങള്‍ നടക്കുന്നത്. പലനിറപ്പൊടികൾ കൊണ്ട് കാളിയുടെ, അയ്യപ്പന്റെ, നാ​ഗത്തിന്റെ, വേട്ടയ്ക്കൊരു മകന്റെ മനോഹര ചിത്രങ്ങൾ നിലത്തു വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കളം വണങ്ങിയതിനുശേഷം പാട്ട് ആരംഭിക്കുന്നു. വീക്കച്ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ, ചെണ്ട എന്നിവയുടെ അകമ്പടിയുമുണ്ടാകും. പാട്ടിനു ശേഷം പ്രദക്ഷിണത്തോടെ കളം മായ്ക്കും.

കളമെഴുതാൻ പ്രകൃതിദത്തമായ നിറങ്ങളാണ് ഉപയോ​ഗിക്കുക. കറുപ്പിന് ഉമിക്കരി, വെളുപ്പിന് അരിപ്പൊടി, മഞ്ഞയ്ക്ക് മഞ്ഞൾപ്പൊടി, പച്ചയ്ക്ക് വാകയിലപ്പൊടി, ചുവപ്പിന് മഞ്ഞൾ-ചുണ്ണാമ്പ് മിശ്രിതം എന്നിങ്ങനെയാണത്. കളം വരഞ്ഞ് പൂർത്തിയാവാൻ രണ്ടു മണിക്കൂറോളമെടുക്കും. കുരുത്തോലയും ചെമ്പരത്തിയും തുളസിയും ഉപയോ​ഗിച്ചുളള തോരണങ്ങളും അലങ്കാരങ്ങളും ഉണ്ടാവും. പരമ്പരാ​ഗതമായി കുറുപ്പ്, തെയ്യംപാടി നമ്പ്യാർ, തീയ്യാടി നമ്പ്യാര്, തീയ്യാട്ടുണ്ണി സമുദായങ്ങളിൽ നിന്നുളളവരാണ് കളമെഴുത്ത് കലാകാരന്മാർ. ഓരോ വിഭാ​ഗത്തിന്റെയും കളങ്ങൾ വ്യത്യസ്തവുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here