ആധുനിക ചിത്രകല കേരളത്തില്‍

ബ്രിട്ടീഷുകാരാണ് കേരളത്തിലെ ആധുനിക ചിത്രകലയ്ക്ക് തുടക്കമിട്ടത്. 1850-ല്‍ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂയൂട്ട് ആയി ആരംഭിച്ച മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ കലാ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. അവിടെയാണ് ഇന്ന് ഒരു ഇതിഹാസ പരിവേഷം ലഭിച്ചിട്ടുള്ള കെ. സി. എസ്. പണിക്കര്‍, അന്നത്തെ പ്രിന്‍സിപ്പലും, പ്രമുഖ ശില്പിയും ആയിരുന്ന ദേവി പ്രസാദ് റോയ് ചൗധരിയുടെ കീഴില്‍ കല അഭ്യസിച്ചത്.

പണിക്കര്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റിന്റെ പ്രിന്‍സിപ്പല്‍ ആയതോടെ കേരളത്തില്‍ നിന്നും അനേകം കലാവിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നതിനായി ചേര്‍ന്നു. പണിക്കരുടെ കീഴില്‍ കല അഭ്യസിച്ചവരില്‍ എം. വി. ദേവന്‍, നമ്പൂതിരി, ടി. കെ. പദ്മിനി, വി. വിശ്വനാഥന്‍, കെ. വി. ഹരിദാസന്‍, പി. ഗോപിനാഥ്, കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മാതൃഭൂമിയില്‍ ചിത്രം വരയ്ക്കുമായിരുന്ന എ. എസ്. നായര്‍ക്ക് പിന്നാലെ എം. വി. ദേവനും, നമ്പൂതിരിയും കേരളത്തിലെ ചിത്രകലാ ആസ്വാദന ശൈലിയെ മാറ്റി മറിച്ചു.

ഇതിനു മുന്‍പേ തന്നെ, മദ്രാസിനു പകരം ശാന്തിനികേതനത്തില്‍ പഠിക്കാനായി പോയ കെ. മാധവമേനോന്‍ പ്രകൃതി ചിത്രണത്തിലൂടെ മറ്റൊരു സംവേദന ശീലത്തിന് തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. പണിക്കരുടെ കീഴില്‍ മദ്രാസില്‍ പഠിച്ച ടി. കെ. പദ്മിനിയെ തിരിച്ചറിയാന്‍ ആളുകള്‍ സമയമെടുത്തുവെങ്കിലും 1969-ല്‍ മരിക്കുന്നതിന് മുന്‍പ് സ്ത്രീത്വം കലര്‍ന്ന ഒരു സംവേദനത്വം കേരള ചിത്രകലാ രംഗത്ത് സൃഷ്ടിക്കുവാന്‍ പദ്മിനിയ്ക്ക് കഴിഞ്ഞു. അതെ വര്‍ഷം തന്നെ ഇംഗ്ലണ്ടിലെ സ്ലെദ് സ്കൂളില്‍ പ്രശസ്ത ശില്പിയായ റെഗ് ബട്ലരുടെ കീഴില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയ കാനായി കുഞ്ഞിരാമന്‍ മലമ്പുഴയില്‍ ‘യക്ഷി’ എന്ന് പേരിട്ട വലിയൊരു ശില്പം സൃഷ്ടിച്ചു കേരളത്തിലെ ദൃശ്യസംസ്കാരത്തെ ആകെപ്പാടെ ഇളക്കി മറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here