സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; രാജി വന്നത് നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ

തിരുവനന്തപുരം: എ.സമ്പത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്നും ഒഴിയുന്നു. തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്പത്ത് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് രാജി. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സമ്പത്തിന്റെ പ്രതികരണം. ക്യാബിനറ്റ് പദവിയിൽ ഡൽഹിയിൽ സമ്പത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. 2019 ഓഗസ്റ്റ് 13 നായിരുന്നു സമ്പത്ത് ചുമതലയേറ്റത്.

കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സൺ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ പ്രളയത്തെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വിവാദങ്ങള്‍ക്ക് വഴി വെച്ചു. നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്ക്കരിക്കാനും യുഡിഎഫ് എംപിമാര്‍ ആഹ്വാനം ചെയ്തിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകാതെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തത് ചര്‍ച്ചയായിരുന്നു. ലോക്ക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സർവീസുകൾ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സർവീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തുര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here