ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചു; അന്ത്യം ഇന്നു പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍

കൊല്ലം: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ വൈകിട്ടോടെയാണു മോശമായത്. ഇന്നു പുലർച്ചെയാണ് മരണം. മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.

മകനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറിനായി പത്തനാപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടെയും കാർത്യായനിയമ്മയുടെയും മകനായി 1934 ഏപ്രിൽ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം. പരേതയായ ആർ.വത്സലയാണ് ഭാര്യ. ഉഷ മോഹൻദാസ്, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ എന്നിവർ മക്കൾ. മരുമക്കൾ: കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണൻ (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി).

LEAVE A REPLY

Please enter your comment!
Please enter your name here