Wednesday, February 8, 2023
- Advertisement -spot_img

കിറ്റെക്സിലെ ഇതരസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ടം; പൊലീസിനെ ആക്രമിച്ചതില്‍ അന്‍പത് പേര്‍ അറസ്റ്റില്‍

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് ഇതരസംസ്ഥാനക്കാര്‍ പൊലീസിനെ ആക്രമിച്ചതില്‍ അറസ്റ്റിലായവരുടെ എണ്ണം അന്‍പതായി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. 26പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.

അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്.പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു.

ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസ് തീകത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥർ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചത് കിറ്റെക്സ് ജീവനക്കാർ തന്നെയാണെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article