തിരുവനന്തപുരം: തനിക്ക് നേരെ ജയിലില്‍ വധശ്രമമെന്നു കൊടി സുനിയുടെ മൊഴി. തന്നെ കൊല്ലാന്‍ സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നാണ് ടിപി കേസ് പ്രതിയുടെ മൊഴി. വിയ്യൂർ സെൻട്രൽ ജയിലിലെ വധശ്രമത്തിനെക്കുറിച്ചാണ് സുനി മൊഴി കൊടുത്തത്. വിയ്യൂർ ജയിലിലെ വിവാദ ഫോൺ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയിൽ ഡിഐജിക്കു കൊടി സുനി മൊഴി നൽകിയത്.
ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണു ക്വട്ടേഷൻ ഏൽപിച്ചതെന്നും താൻ ഇത് അറിഞ്ഞതിനാൽ പ്ലാൻ നടപ്പായില്ലെന്നും സുനി മൊഴിയില്‍ പറഞ്ഞു. ഉത്തരമേഖലാ ജയിൽ ഡിഐജി എം.കെ.വിനോദ് കുമാർ നാളെ പൂജപ്പുരയിലെത്തി റഷീദിന്റെ മൊഴിയെടുക്കും.
ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു കൊടുവള്ളി സംഘം ക്വട്ടേഷൻ ഏൽപിച്ചതെന്നാണു സുനിയുടെ മൊഴി.
ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ സുനിയെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്. അനൂപ് ഏതാനും മാസമായി കണ്ണൂർ സെൻട്രൽ ജയിലിലാണ്.ഒരു മാസത്തിനിടെ 223 പേരുടെ ഫോണുകളിലേക്ക് 1346 തവണ റഷീദ് ഫോൺ ചെയ്തെന്ന സ്പെഷൽ ബ്രാഞ്ച് കണ്ടെത്തലിനെക്കുറിച്ചും വിവരം ശേഖരിക്കും.