തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രശ്നവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേരുന്നു. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ചര്‍ച്ചനടത്തിയെന്നും രണ്ടുദിവസത്തിനകം ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നും ലതിക സുഭാഷ് പറഞ്ഞു. പി.സി.ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. വളരെ ചെറിയ പ്രായം മുതൽ കാണുന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ നിലപാട് വ്യക്തമാക്കും.
കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ കഴിയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമങ്ങളുമായി പങ്കുവയ്ക്കും-ലതിക പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതിക സുഭാഷ് കോൺഗ്രസുമായി അകന്നത്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും തോറ്റു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടു.