തിരുവനന്തപുരം: വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാന്‍ഡ് തീരുമാനത്തിൽ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല. ‘കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാൻ വി.ഡി.സതീശന് കഴിയട്ടെ എന്നാണ് ആശംസ. വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണ്. എല്ലാവരും യോജിച്ചു നിന്ന് പാർട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണം.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ലീഡറെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഉമ്മൻചാണ്ടി അവതരിപ്പിച്ചു. ഞാൻ പിന്‍താങ്ങി. അങ്ങനെ കോൺഗ്രസ് അധ്യക്ഷയെ ഏൽപിച്ച കാര്യത്തിൽ കോൺഗ്രസിന്റെ തീരുമാനമുണ്ടായി. അതിനെ എല്ലാവരും അംഗീകരിക്കുന്നു. എന്നെ മല്ലികാർജുനൻ ഖാർഗെ ഇന്നലെ രാവിലെ വിളിച്ച് തീരുമാനം അറിയിച്ചു.
കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തീരുമാനവും ഹൈക്കമാൻഡ് തീരുമാനിക്കും. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും ഞാൻ അംഗീകരിക്കും. വി.ഡി.സതീശനു പൂർണ പിന്തുണ ലഭിക്കും. പാർട്ടി ഒരു തീരുമാനമെടുത്താൽ എല്ലാ കോൺഗ്രസുകാരും അത് അംഗീകരിക്കും. എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകും. എനിക്ക് ഒരു നിരാശയുമില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അതിൽ സന്തോഷമേയുള്ളൂ. പ്രതിപക്ഷ ധർമം പൂർണമായി നിർവഹിച്ചു. സ്വാഭാവികമായി എന്റെ ഒരു പോരാട്ടമായിരുന്നു ഇടതുമുന്നണി സർക്കാരിനെതിരായി.
എനിക്ക് പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാനുമുള്ള നീക്കം ഞാൻ നടത്തി. അത് എന്റെ ധർമമാണ്. ആ പോരാട്ടം തുടരും- ചെന്നിത്തല പറഞ്ഞു.