കൊച്ചി: തന്റെ പങ്കാളിയെ അവളുടെ മാതാപിതാക്കള്‍ ബലമായി കൂട്ടിക്കൊണ്ടു പോയതായി പരാതിയുമായി ആലുവ സ്വദേശിനി ആദില നസ്റിന്‍. സ്വവര്‍ഗ പ്രണയിനികളായ പെണ്‍കുട്ടികളില്‍ ഒരാളാണ് പരാതിയുമായി രംഗത്ത് വന്നത്. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് ആദില നസ്റിന്‍റെ പരാതി. ഉടന്‍ കോടതിയെയും സമീപിക്കുമെന്ന് ആദില പറയുന്നു.
സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരിയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ എതിര്‍പ്പായി.
ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരു ദിവസം താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറയുന്നു. പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആദിലയുടെ അപേക്ഷ.