തിരുവനന്തപുരം: അഭിഭാഷകർക്കെതിരെ വർദ്ധിച്ചുവരുന്ന പോലീസ് അതിക്രമത്തിന്നെതിരെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ അടിയന്തിരമായി പ്രമേയം പാസാക്കി. ഇന്നലെ നടന്ന ബാർ കൗൺസിൽ യോഗത്തിൽ ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ ബാർ കൗൺസിൽ മെമ്പർ ആനയറ ഷാജി വിഷയത്തിൽ കേരള ബാർ കൗൺസിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും പോലീസ് അതിക്രമത്തിൽ നടപടിയെടുക്കുന്നതിൽ എജി അധ്യക്ഷനായുള്ള സമിതി യോഗം വിളിച്ചു ചേർക്കാനും പോലീസ് അതിക്രമം അഭിഭാഷകർക്ക് നേരെ ഉണ്ടായാൽ പരിഹരിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കുന്നതിലേക്കും കുറ്റക്കാരായ പോലീസുകാർക്കെതിരെ സസ്പെൻഷൻ നടപടികൾ സ്വീകരിക്കുന്നതിലേക്ക് ശുപാർശ ചെയ്യാനും കേരള ബാർ കൗൺസിൽ യോഗം ഏകകണ്ഠേന തീരുമാനിച്ചു.