തൊടുപുഴ: അതിഥിത്തൊഴിലാളിയായ പതിനഞ്ചുകാരിയെ പ്രദേശവാസികളായ നാലുപേർ ചേർന്ന് പീഡിപ്പിച്ചു. ഇടുക്കി ശാന്തൻപാറയിലെ പൂപ്പാറയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പൂപ്പാറ വ്യൂപോയിന്റ് കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേർ ചേർന്നാണ് പീഡിപ്പിച്ചത്. സുഹൃത്തിനെ മർദിച്ച് ഓടിച്ചശേഷം പെൺകുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് ബഹളം വച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെൺകുട്ടിയെ തേയിലക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം 2 പേർ പിടിയിലായതായി പൊലീസ് അറിയിച്ചു. ഏലത്തോട്ടത്തിൽ ജോലിക്കായി ബംഗാളിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെൺകുട്ടി. ഇതേ തോട്ടത്തിൽ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്.